2019 ജനുവരി 15, ചൊവ്വാഴ്ച

ഹീബ്രു: അദ്ധ്യായം 3

ഷാലോം....!
ആലെഫ്ബേത്തിന്റെ പുതിയ അദ്ധ്യായത്തിലേക്കു സ്വാഗതം.

א (അലെഫ്), בּ (ബേത്ത്), ג (ഗീമൽ), ד (ദാലദ്), ה (ഹേയ്), ו (വൗ) എന്നീ അക്ഷരങ്ങൾ അച്ചടിലിപിയും കൈയെഴുത്തുലിപിയും എഴുതിപ്പരിശീലിച്ചു്, മനസ്സിലുറപ്പിച്ചുവെന്നു കരുതുന്നു.  ַ  (പഥഹ് - അ),  ָ  (ഖാമസ് - ആ),  ִ (ഹിറേഖ് - ഇ),  וּ (സൂറഖ് - ഊ), וֹ (ഹോലംവൗ - ഓ) എന്നീ നിക്കൂദുകളൂം ഓർമ്മയിലില്ലേ?

אָב (അച്ഛൻ), אָבַּא (അച്ഛൻ), גָג (മേൽക്കൂര), דָג (മത്സ്യം), אַהַבָה (സ്നേഹം), הוֹד (മഹത്ത്വം), דָוִד (ദാവിദ്),   דוּד  (ഇലക്ട്രിക് കെറ്റിൽ), דוֹד (അമ്മാവൻ), וַו (ചൂണ്ട) തുടങ്ങിയ വാക്കുകൾ ഇനി നിക്കൂദുകളില്ലാതെകണ്ടാലും വായിക്കാനാകുമെന്നു കരുതുന്നു.

ഇനി, അലെഫ്ബേത്തിലെ ഏഴാമത്തെ അക്ഷരത്തെ പരിചയപ്പെടാം.
  • ז ( ദ്സയിൻ )

ז ( ദ്സെയിൻ - Zain )ന്റെ അച്ചടിലിപിയും കൈയെഴുത്തുലിപിയും അവ എഴുതേണ്ട രീതിയും താഴെ ചിത്രീകരിച്ചിരിക്കുന്നു. ז ( ദ്സെയിൻ )നു്, Z എന്ന ഇംഗ്ലീഷ് അക്ഷരത്തിനു സമാനമായ ഉച്ചാരണമാണ്. സമാനമായൊരു മലയാളാക്ഷരമില്ലാത്തതിനാൽ വാക്കുകളുടെ ഉച്ചാരണമെഴുതുമ്പോൾ  ദ്സ്  എന്നാകും ഞാൻ സൂചിപ്പിക്കുന്നത്. നിങ്ങൾ ഉച്ചരിക്കുമ്പോൾ Z ന്റെ ഉച്ചാരണമാണെന്നോർക്കണംകേട്ടോ.

ദ്സെയിനിന്റെ ഇടതുവശത്ത് ഇതുപോലെ ഒരു ചിഹ്നം ചേർത്തെഴുതിയാൽ Jonathan, Jacket തുടങ്ങിയ വാക്കുകളിലെ Jയ്ക്ക് ഹെബ്രായർ നല്കുന്ന ഉച്ചാരണമാകും. അതു കൃത്യമായി ജ് എന്നല്ല, കൃത്യമായ ഉച്ചാരണം മലയാള അക്ഷരത്താൽ ദ്യോതിപ്പിക്കാൻ സാധിക്കാത്തതു ക്ഷമിക്കുക.

ז അച്ചടി ലിപി
ז കൈയെഴുത്തുലിപി
 













ദ്സെയിൻ ഉപയോഗിച്ചെഴുതുന്ന ഈ വാക്കു് ഒന്നു വായിച്ചുനോക്കൂ...
זבוּב
ആദ്യാക്ഷരം  ദ്സയിൻ. Z എന്ന ഇംഗ്ലീഷ് അക്ഷരത്തിനു സമാനമായ ഉച്ചാരണം. അടുത്ത അക്ഷരം ב (ബേത്) ആണ്. കുത്തില്ലാത്തതിനാൽ വ് എന്നുച്ചാരണം. അടുത്തത്  ו എന്ന അക്ഷരമല്ല, സൂറഖ് ( וּ ) എന്ന നിക്കൂദാണ്. എന്നുച്ചാരണം. (വൗന്റെ ഇടതുമദ്ധ്യഭാഗത്തായി കുത്തിട്ടാൽ സുറൂഖ് ആയി) മൂന്നാമത്തെ അക്ഷരം ב (ബേത്) ആണ്. കുത്തില്ലാത്തതിനാൽ വ് എന്നുച്ചാരണം. 


זבוּב
ദ്സ് + വ് + ഊ + വ് = ദ്സ്വൂവ് (zvoov), ഈച്ച എന്നാണ് ഈ വാക്കിനർത്ഥം. 

മറ്റൊരു വാക്കുകൂടെ

זִאֵב
വായിക്കാനാവുന്നുണ്ടല്ലോ, അല്ലേ? ദ്സിഏവ് (Zi' eav) എന്നാണുച്ചാരണം.
ചെന്നായ എന്നാണ് זְאֵב എന്ന വാക്കിന്റെ അർത്ഥം.
  • ח (ഖ്ഹേത്ത്)

അലെഫ്ബേത്തിലെ എട്ടാമത്തെ അക്ഷരമാണു ח (ഖ്ഹേത്ത്). ഇതിന്റെ ഉച്ചാരണത്തിനു സമാനമായ ഉച്ചാരണം മലയാളത്തിലോ ഇംഗ്ലീഷിലോ ഇല്ലാത്തതിനാൽ ഖ്ഹ് എന്നു സൂചിപ്പിക്കുന്നു. ഖ് എന്നതിനും ഹ് എന്നതിനുമിടയിൽ വരുന്ന ഒരു ശബ്ദമാണത്. (വൈകാതെതന്നെ ഉച്ചാരണങ്ങൾ വ്യക്തമാക്കുന്ന വീഡിയോകൾ അപ് ലോഡുചെയ്യാൻ ശ്രമിക്കാം.)

ה (ഹേ),  ח (ഖ്ഹേത്ത്) എന്നീ അക്ഷരങ്ങളുടെ കാഴ്ചയിലെ സാമ്യവും വ്യത്യാസവും ശ്രദ്ധിച്ചല്ലോ, അല്ലേ? ח (ഖ്ഹേത്ത്)ന്റെ അച്ചടി, കൈയെഴുത്തു രൂപങ്ങളും എഴുതേണ്ടരീതിയും താഴെക്കൊടുക്കുന്നു.
ח അച്ചടിരൂപം
ח കൈയെഴുത്തു രൂപം
   















ഖ്ഹേത്ത് ഉൾപ്പെടുന്ന വാക്കുകൾ പഠിക്കുന്നതിനുമുമ്പായി, ഷെവാ എന്നൊരു നിക്കൂദ് പഠിക്കാം. 

   ְ   അക്ഷരത്തിന്റെ യഥാർത്ഥ ഉച്ചാരണമെന്തോ, അതുപോലെ ഉച്ചരിക്കുക എന്നതാണു് ഷെവാ എന്ന ഈ നിക്കൂദ് അർത്ഥമാക്കുന്നതു്. അക്ഷരത്തിനു താഴെയായിടുന്ന വിസർഗ്ഗ (:) ചിഹ്നമാണിതു്. 

ഇനി ഈ വാക്കു ശ്രദ്ധിക്കൂ.

 אָחְ
വിശദീകരണങ്ങൾകൂടാതെതന്നെ വായിക്കാൻ സാധിക്കുന്നുണ്ടല്ലോ അല്ലേ? ആഖ്ഹ് എന്ന ഈ വാക്കിന്റെയർത്ഥം സഹോദരൻ എന്നാണ്.   

മറ്റൊരു വാക്കുകൂടെ നോക്കൂ...

חַווה 
ഖ്ഹ്+ അ = ഖ്ഹ; വ്+വ്+അ = വ്വ
 חַווה = ഖ്ഹവ്വ. വാക്കിന്റെ അവസാനംവരുന്ന הയുടെ ഉച്ചാരണം '' എന്നാകുകയോ നിശ്ശബ്ദമാവുകയോചെയ്യുമെന്നു കഴിഞ്ഞ അദ്ധ്യായത്തിൽ നമ്മൾ പഠിച്ചിരുന്നല്ലോ. חַווה ആരാണെന്നറിയില്ലേ? ഏദൻതോട്ടത്തിൽ, ആദത്തിന്റെ വാരിയെല്ലിൽനിന്നു ദൈവം സൃഷ്ടിച്ച ആദിമാതാവുതന്നെ!

മറ്റൊരു വാക്കു നോക്കൂ...
אֶחָד

മുകളിലെ വാക്കു വായിക്കാമോ? ഒന്ന് (1) എന്നാണ് ആ വാക്കിനർത്ഥം. ശരിയായ ഉച്ചാരണം ലഭിക്കുന്നില്ല, അല്ലേ? അതിനായി നമ്മൾ മറ്റൊരു നിക്കൂദുകൂടെയറിയണം. സെഗോൾ എന്നാണതിന്റെ പേരു്. 

אֶ    ֶ  എ - അക്ഷരത്തിനു താഴെയായി ത്രികോണത്തിന്റെ മൂലകൾപോലെ, മൂന്നു കുത്തുകളിട്ടാൽ സെഗോൾ എന്ന നിക്കൂദായി. എ എന്നാണ് ഉച്ചാരണം.
אֶחָד ഈ വാക്കു് ഇപ്പോൾ എളുപ്പം വായിക്കാം, അല്ലേ? ഹീബ്രു എണ്ണൽസംഖ്യ തുടങ്ങുന്നത് എഖ്ഹാദിലാണ്. אֶחָד = 1
  • ט (ഥേഥ്)

ഒമ്പതാമത്തെ അക്ഷരമായ ט (ഥേഥ്) നു്, മലയാളത്തിലെ ത്, ഥ് എന്നിവയ്ക്കിടയിൽനില്ക്കുന്ന ഉച്ചാരണമാണ്. സൗകര്യാർത്ഥം ഞാൻ ഥ് എന്നു സൂചിപ്പിക്കുന്നു. ഥ് അല്പം മയപ്പെടുത്തി ഉച്ചരിച്ചാൽമതിയാകും. അച്ചടി / കൈയെഴുത്തു ലിപികളും എഴുത്തുരീതികളും താഴെ.
ט അച്ചടിരൂപം
ט കൈയെഴുത്തു രൂപം












   









טוֹב

ഈ വാക്കു വായിക്കാൻ സാധിക്കുന്നുണ്ടല്ലോ, അല്ലേ? ഥ് + ഓ + വ് = ഥോവ്. ഥോവ് എന്നാൽ നല്ലത് എന്നർത്ഥം. ഇനിമറ്റൊരു വാക്കു ശ്രദ്ധിക്കൂ.. 


טוֹבָה

വാക്കിന്റെ അവസാനത്തിൽ ഒരു ה (ഹേയ്) ഇതിൽ അധികമായുണ്ടു്, അല്ലേ? വാക്കിന്റെ അവസാനത്തെ הയുടെ ഉച്ചാരണം '' എന്നാകുകയോ നിശ്ശബ്ദമാവുകയോചെയ്യുമെന്നു കഴിഞ്ഞ അദ്ധ്യായത്തിൽ നമ്മൾ പഠിച്ചിരുന്നല്ലോ. ഥോവാ എന്നാണ് ഈ വാക്കു്. טוֹבָה (ഥോവാ) എന്ന വാക്കിന്റെയും അർത്ഥം, നല്ലത് എന്നുതന്നെ.  טוֹב (ഥോവ്) പുല്ലിംഗപദവും  טוֹבָה (ഥോവാ) സ്ത്രീലിംഗപദവുമാണ്. നല്ല പുരുഷൻ എന്നുപറയാൻ טוֹב (ഥോവ്) എന്ന വാക്കും നല്ല സ്ത്രീ എന്നുപറയാൻ טוֹבָה (ഥോവാ) എന്ന വാക്കുമുപയോഗിക്കുമെന്നർത്ഥം. ഉദാ: אָחְ טוֹב (ആഖ്ഹ് ഥോവ്) = നല്ല സഹോദരൻ.

  •   י ( യോദ് )
അലെഫ്ബേത്തിലെ പത്താമത്തെ അക്ഷരമാണു י (യോദ്). യ് എന്നുച്ചാരണം. ഹീബ്രുവിലെ ഏറ്റവും ചെറിയ അക്ഷരമാണിത്. യോദിന്റെ അച്ചടി / കൈയെഴുത്തു ലിപികൾ മനസ്സിലാക്കാൻ താഴെയുള്ള ചിത്രങ്ങൾ കാണുക.  
י കൈയെഴുത്തു രൂപം


י അച്ചടിരൂപം






















യോദ് ഉപയോഗിച്ചെഴുതിയ ഒരു വാക്കു നോക്കാം.

יָד

ഇതു പെട്ടെന്നു വായിക്കാൻ സാധിച്ചു, അല്ലേ? യാദ്. കൈപ്പത്തി എന്നാണ് יָד (യാദ്)ന്റെ അർത്ഥം. 


 ഒരു നിക്കൂദുകൂടെ പഠിക്കാം. 
 ֵ  → അക്ഷരത്തിനു താഴെയായി ഇവിടെക്കാണുന്നതുപോലെ രണ്ടു കുത്തുകളിട്ടാൽ ഏ എന്നുച്ചാരണം ലഭിക്കും. ഇതിനു സെറേ എന്നാണു പേര്.

ഈ പാഠം അവസാനിപ്പിക്കുന്നതിനുമുമ്പായി, ഈയൊരു വാക്കു വായിക്കാൻ ശ്രമിക്കൂ...
יַהְוֶה
 
വായിക്കാൻ സാധിക്കുന്നുണ്ടോ? വായിക്കാനാകുമെന്നറിയാം. പക്ഷേ, ആ വാക്ക് അങ്ങനെയല്ല വായിക്കേണ്ടതു്. അദൊണായ് എന്നാണു്. ദൈവത്തിന്റെ നാമം, വൃഥാ പ്രയോഗിക്കരുതെന്ന ദൈവകല്പന മുൻനിറുത്തി, יַהְוֶה (യഹ്വേ) എന്ന വാക്കു ദൈവനാമമാകയാൽ അദൊണോയി (കർത്താവ്) എന്നാണു യഹൂദർ ഉച്ചരിക്കാറുള്ളത്. ഇസ്രായേൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അറിയുക, അവിടെ പലയിടങ്ങളിലും  יַהְוֶה എന്നെഴുതിയിട്ടുണ്ടാകാം. യഹൂദരുടെ മുമ്പിൽ, יַהְוֶה എന്ന വാക്കു്, എഴുതപ്പെട്ടിരിക്കുന്നതുപോലെ വായിച്ചാൽ അവർക്കിഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. അതിനാൽ יַהְוֶה ന്നു കാണുന്നിടത്തൊക്കെ അദൊണായ് എന്നുതന്നെ വായിച്ചു ശീലിക്കുന്നതാണു നല്ലത്. 

അടുത്ത അദ്ധ്യായത്തിലേക്കു കടക്കുന്നതിനുമുമ്പായി ഇതുവരെ പഠിച്ച പാഠഭാഗങ്ങൾ പലവട്ടം വായിച്ചുമെഴുതിയും മനസ്സിലുറപ്പിക്കൂ

ഷാലോം...!


NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.



അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ;  http://www.levsoftware.com/AlefbetWriter.html

2 അഭിപ്രായങ്ങൾ: