ഷാലോം....!
ഹീബ്രുഭാഷാ പഠനവേദിയിലേക്കു സ്വാഗതം!
പുതിയൊരു ഭാഷ പഠിക്കുന്നതുകൊണ്ടെന്തു പ്രയോജനം?
പുതിയൊരു
ഭാഷ പഠിക്കുമ്പോൾ, ആ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ സാമൂഹികവും
സാംസ്കാരികവും ചരിത്രപരവുമായ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും ആ ഭാഷയിലുള്ള
സാഹിത്യകൃതികൾ വായിക്കുവാനും അതുവഴി പുതിയ ഉൾക്കാഴ്ചകൾനേടാനും നമുക്കു
സാധിക്കും. പുതിയപുതിയ മേഖലകളിൽ കൂടുതൽ തൊഴിൽസാദ്ധ്യതകൾ കണ്ടെത്താനും പുതിയ
ഭാഷകൾ പഠിക്കുന്നവർക്കു സാധിക്കും. നമ്മുടെ തലച്ചോറിനെ, കുടുതൽ
സജീവമാക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും പുതിയ ഭാഷകൾ പഠിക്കുന്നതിലൂടെ
നമുക്കാകും.
ഹീബ്രുഭാഷാ
പഠനമാണു് ഈ ബ്ലോഗിന്റെ പ്രതിപാദ്യവിഷയം. നാലായിരത്തോളം വർഷങ്ങൾ
പഴക്കമുള്ള, അതിപുരാതനമായൊരു ഭാഷയാണു ഹീബ്രു. 3000 വർഷങ്ങൾക്കു മുമ്പുതന്നെ
ഹീബ്രുവിനു ലിഖിതരൂപമുണ്ടായിരുന്നുവത്രേ! BC ഒമ്പതാംനൂറ്റാണ്ടിലുള്ള ഹീബ്രു
ലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ടു്.
മലയാളത്തിലൂടെ
ഹീബ്രുഭാഷ പഠിക്കാനാഗ്രഹിക്കുന്നവർക്കുവേണ്ടിയാണ് ഈ ബ്ലോഗ്
തയ്യാറാക്കിയിട്ടുള്ളതു്. ഹീബ്രു എഴുതാനും വായിക്കാനും
പഠിക്കുന്നതിനോടൊപ്പം അല്പമൊക്കെ സംസാരിക്കാനുംസാധിക്കുന്നവിധത്തിൽ, വീഡിയോ
ട്യൂട്ടോറിയലുകളും തയ്യാറാക്കുന്നുണ്ടു്. വൈകാതെതന്നെ അതിലേക്കുള്ള
ലിങ്കുകളും ഈ ബ്ലോഗിൽ ചേർക്കുന്നതാണ്.
നമ്മൾ, മലയാളികളെ സംബന്ധിച്ചിടത്തോളം, വളരെയെളുപ്പം പഠിക്കാനാകുന്നൊരു ഭാഷയാണു ഹീബ്രു. യഹൂദരുടെ മാതൃഭാഷയാണു ഹീബ്രു.
രണ്ടു സഹസ്രാബ്ദംനീണ്ട, യഹൂദരുടെ പ്രവാസജീവിതകാലത്തു്, കേരളത്തിലെ മാള,
കൊടുങ്ങല്ലൂർ, പറവൂർ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവർ നമ്മളോടൊത്തു
ജീവിച്ചിരുന്നതാണല്ലോ.
സെമിറ്റിക്
ഭാഷാഗോത്രത്തിൽപ്പെട്ട ഭാഷകളിലൊന്നാണു ഹീബ്രു. അറബിക്, സുറിയാനി, അറമായ
തുടങ്ങിയ സെമിറ്റിക് ഭാഷകളുമായി ഹീബ്രുവിനു വളരെയേറെ സാമ്യങ്ങളുണ്ടു്.
അറബിഭാഷയറിയാവുന്നവർക്കു്, ഹീബ്രുഭാഷാപഠനം അത്യന്തം ലളിതമാണ്.
ഇസ്രായേലിന്റെ ഔദ്യോഗികഭാഷയായ ഹീബ്രുവിലാണു്, വിശുദ്ധ ബൈബിളിലെ പഴയനിയമ
ഗ്രന്ഥങ്ങൾ (യഹൂദ ബൈബിൾ) വിരചിതമായിട്ടുള്ളത്. അതിനാൽത്തന്നെ വിശുദ്ധ
ബൈബിളിന്റെ മൂലഗ്രന്ഥങ്ങൾ വായിക്കണമെന്നാഗ്രഹിക്കുന്നവർക്കു്, ഹീബ്രുപഠനം
വളരെയധികം പ്രയോജനപ്രദമായിരിക്കും.
അടിസ്ഥാന വസ്തുതകൾ
- ഹീബ്രു വലത്തുനിന്ന്, ഇടത്തോട്ടാണെഴുതുന്നതു്.
- ഹീബ്രു ഭാഷയിൽ 22 വ്യഞ്ജനാക്ഷരങ്ങൾമാത്രമാണുള്ളത്; സ്വരാക്ഷരങ്ങളില്ല. ഹീബ്രുഭാഷയിൽ, സ്വരങ്ങളെ ദ്യോതിപ്പിക്കാൻ ചില ചിഹ്നങ്ങളാണുപയോഗിക്കുന്നത്. ഹീബ്രുവിൽ 'നിക്കൂദ്' എന്നാണ് ഈ സ്വരചിഹ്നങ്ങളെ പൊതുവേ പറയുന്നതു്.
- ഹീബ്രു ബൈബിളിൽ നിക്കൂദുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സാധാരണ അച്ചടി / കൈയെഴുത്തു ഭാഷയിൽ നിക്കൂദ് ഉപയോഗിക്കാറില്ല. വായനാവേളയിൽ, പദപരിചയത്താൽ, സ്വരങ്ങൾ ശരിയായിച്ചേർത്തു വായിക്കുകയാണു ചെയ്യുന്നതു്.
- നിക്കൂദുകൾ ഉപയോഗിച്ചെഴുതുന്ന ഹീബ്രു, ബിബ്ലിക്കൽ ഹീബ്രു/ ക്ലാസിക്കൽ ഹീബ്രു എന്നാണറിയപ്പെടുന്നത്.
- മോഡേൺ ഹീബ്രു എഴുതുമ്പോൾ നിക്കൂദ് ഉപയോഗിക്കുന്നില്ല.
- ഭാഷ പഠിച്ചുതുടങ്ങുന്നവർ, നിക്കൂദുകൾ ഉപയോഗിച്ചുതന്നെ പരിശീലിക്കണം. കൃത്യമായ ഉച്ചാരണത്തോടെ പദങ്ങൾ പഠിക്കുവാൻ അത്തരത്തിലുള്ള പരിശീലനം നമ്മളെ സഹായിക്കും.
ആലെഫ്ബേത്ത്
ഹീബ്രു അക്ഷരമാലയ്ക്കു് ആലെഫ്ബേത്ത് എന്നു പറയുന്നു. ആലെഫ്ബേത്തിലെ അക്ഷരങ്ങൾ
താഴെക്കൊടുക്കുന്നു.
ഹീബ്രു അക്ഷരങ്ങളുടെ കൈയെഴുത്തുലിപിയും അച്ചടിരൂപവുംതമ്മിൽ
വ്യത്യാസമുണ്ടു്. അച്ചടിലിപിരൂപമാണ് താഴെ ചേർത്തിരിക്കുന്നതു്. കൈയെഴുത്തു ലിപി ഓരോ അക്ഷരങ്ങളും പഠിക്കുന്നതിനോടൊപ്പം മനസ്സിലാക്കാം. രണ്ടുതരം ലിപികളും എഴുതി
പരിശീലിക്കുന്നതു നല്ലതാണ്.
വലതുനിന്ന് ഇടത്തോട്ടാണു ഹീബ്രു വായിക്കേണ്ടതെന്നു മറക്കേണ്ട.
א, בּ, ג, ד, ה, ו, ז, ח, ט, י, כּ, ל, מ, נ, ס, ע, פּ, צ, ק, ר, שׁ, ת
എന്തൊക്കെയോ
കാണുന്നുവെന്നല്ലാതെ ഒന്നും വായിച്ചെടുക്കാനാകുന്നില്ല, അല്ലേ? സാരമില്ല,
ഹീബ്രു ആലഫ്ബേത്തിലെ അക്ഷരങ്ങളോരോന്നായി നമുക്കു പഠിച്ചു തുടങ്ങാം.
ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.
א - ആലെഫ്
ഹീബ്രു
അക്ഷരമാലയിലെ ആദ്യാക്ഷരമാണ് ആലെഫ്. ഇതൊരു നിശ്ശബ്ദാക്ഷരമാണ്. പ്രത്യേക
ഉച്ചാരണമില്ല. എന്നാൽ നിക്കൂദുകൾ (സ്വരചിഹ്നങ്ങൾ) ഉപയോഗിച്ച് ആലെഫിനെ
വ്യത്യസ്ത സ്വരങ്ങളായി ഉച്ചരിക്കാം
אַ - അ
אָ - ആ
אֲ - അ്
אָ - ആ
אֲ - അ്
തുടങ്ങിയവ ഉദാഹരണങ്ങളാണ്.
א ന്റെ ലിപിരൂപങ്ങൾ താഴെക്കൊടുക്കുന്നു.അച്ചടിലിപിയും കൈയെഴുത്തുലിപിയും
എഴുതേണ്ടതെങ്ങനെയെന്നു മനസ്സിലാക്കാൻ താഴെയുള്ള അനിമേറ്റഡ് ചിത്രങ്ങൾ
നോക്കുക. ആദ്യത്തേത് അച്ചടിരൂപം, തുടർന്ന് കൈയെഴുത്തു രൂപം. രണ്ടു
രീതിയിലും എഴുതിപ്പരിശീലിക്കുക.
![]() |
| א അച്ചടി ലിപി |
![]() |
| א കൈയെഴുത്തു ലിപി |
ഹീബ്രുഭാഷയിലെ നിക്കൂദുകൾ (സ്വരചിഹ്നങ്ങൾ) ആലെഫിനോടു ചേർത്തെഴുതുമ്പോൾ ലഭിക്കുന്ന വിവിധ ഉച്ചാരണങ്ങൾ താഴെച്ചേർക്കുന്നു. ഓരോ സ്വരചിഹ്നത്തിനും ഹീബ്രുഭാഷയിൽപറയുന്ന പേരാണു ബ്രാക്കറ്റിൽ ചേർത്തിട്ടുള്ളത്. നിക്കൂദുകളെക്കുറിച്ചു പൊതുവായൊരു ധാരണ ലഭിക്കുന്നതിനുവേണ്ടിമാത്രം ഇപ്പോൾ അതു നോക്കുക. ആലഫ്ബേത്ത് പഠിക്കുന്നതിനോടൊപ്പം ചില വാക്കുകളും നമ്മൾ പഠിക്കും. അപ്പോൾ ഈ നിക്കൂദുകളെക്കുറിച്ചു ַവിശദമായി പഠിക്കാം. ഇവിടെ നല്കിയിട്ടുള്ള ഉച്ചാരണങ്ങൾക്കു ചില സന്ദർഭങ്ങളിൽ ചെറിയ വ്യത്യാസമുണ്ടാകാം. ഉദാഹരണത്തിനു് 'അ' എന്നു ഞാനിവിടെ ഉച്ചാരണം നല്കിയിട്ടുള്ള നിക്കൂദ് ചില സന്ദർഭങ്ങളിൽ 'ആ' എന്നുച്ചരിക്കാറുണ്ടു്. കൂടുതൽ വാക്കുകൾ പഠിക്കുമ്പോൾ ഇത്തരം ൾ ശരിയായിത്തന്നെ ഉച്ചരിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാകും.
אְ ְ → (അക്ഷരത്തിന്റെ
യഥാർത്ഥ ഉച്ചാരണമെന്താണോ, അതുപോലെ ഉച്ചരിക്കുക എന്നാണ്, ഈ ചിഹ്നംകൊണ്ടു്
അർത്ഥമാക്കുന്നതു്. അക്ഷരത്തിനുതാഴെ വിസർഗ്ഗചിഹ്നമിടുന്നു. ഷെവാ എന്ന പേരിലാണിതറിയുന്നതു്)
אַ ַ അ → (അക്ഷരത്തിനുതാഴെ, - ഇതുപോലെ ഒരു ചെറിയ വര. ഇതിനു പഥഹ് എന്നാണു പേരു്.)
אָ ָ ആ → (അക്ഷരത്തിനുതാഴെ ഇംഗ്ലീഷിലെ Tയ്ക്കു സമാനമായ ചിഹ്നം. "ഖാമെസ്" എന്നു പേരു്.)
אֲ ֲ അഃ (അ് )→ (അക്ഷരത്തിനുതാഴെ പഥഹും അതിനോടു ചേർന്നു ' : ' (ഷെവാ ചിഹ്നവും). ഇതിന്റെ പേരു്, "ഹതേഫ് പഥഹ്" എന്നാണ്. - half pathah / അര പഥഹ് എന്നർത്ഥം -)
אִ ִ ഇ → (അക്ഷരത്തിനുതാഴെയായി ഒരു കുത്ത് (Dot) ഇതിനു ഹിറേഖ് എന്നാണു പേരു്.)
אִ׳ ִי ഈ → (അക്ഷരത്തിനുതാഴെയായി "ഹിറേഖ്", ഒപ്പം അക്ഷരത്തിനുശേഷം -ഇടതുവശത്ത്- י (യോദ്) എന്ന ഹീബ്രു അക്ഷരം ചേർത്തെഴുതുന്നു. ഇതിനു ഹിറേഖ് യോദ് എന്നാണു പേരു്.) ആലഫ്ബേത്ത് പഠനം പുരോഗമിക്കുമ്പോൾ യോദ് എന്ന അക്ഷരം നമ്മൾ പഠിക്കും
אֻ ֻ ഉ → (അക്ഷരത്തിനുതാഴെയായി ഏകദേശം 45° ചരിവിൽ മൂന്നു കുത്തുകൾ. 'ഉ' എന്ന ഉച്ചാരണം നല്കുന്ന ഇതിനു ഖിബ്ബുസ് എന്നാണു പേരു്.)
אוּ וּ ഊ → (അക്ഷരത്തിനോടുചേർന്നു്, ו (വവ്) എന്ന ഹീബ്രു അക്ഷരവും അതിന്റെ ഇടതുമദ്ധ്യത്തിലായി ഒരു കുത്തുമിട്ടാൽ ഊ എന്ന ഉച്ചാരണം ലഭിക്കും. സുറൂഖ് എന്നാണിതിനു പേരുപറയുന്നത്.)
ആലഫ്ബേത്തിലെ ആറാമത്തെ അക്ഷരമായ വ് (വൗ) അധികംവൈകാതെ നമ്മൾ പഠിക്കാം
אֶ ֶ എ → (ഇവിടെക്കാണുന്നതുപോലെ,
അക്ഷരത്തിനുതാഴെയായി, ത്രികോണാകൃതിയിൽ മൂന്നു കുത്തുകൾ. ഇതിനു സെഗോൾ എന്നാണു പേരു്.)
אֵ ֵ ഏ → (ഇവിടെ കാണുന്നതുപോലെ, അക്ഷരത്തിനു താഴെയായി രണ്ടു കുത്തുകൾ. ഇതിനു സെറേ എന്നാണു പേരു്.)
אֱ ֱ എ് → എയുടെ പകുതിയിലവസാനിക്കുന്ന ഉച്ചാരണം → (അക്ഷരത്തിനുതാഴെയായി സെഗോളും ഷെവായും ചേർത്തെഴുതുന്നു. ഇതിനു ഹതെഫ് സെഗോൾ - അര സെഗോൾ - എന്നാണു പേരു്.)
אֵי ֵי ഏയ് (ഐ അല്ല) → (അക്ഷരത്തിനു താഴെയായി "സെറേ", ഒപ്പം അക്ഷരത്തിനുശേഷം -ഇടതുവശത്ത്- י (യോദ്) എന്ന ഹീബ്രു അക്ഷരം ചേർത്തെഴുതുന്നു. ഇതിനു "സെറേ യോദ് " എന്നാണു പേരു്.)
אֳ ֳ ഒ → (അക്ഷരത്തിനുതാഴെയായി "ഖാമെസും", "ഷെവാ"യും ചേർത്തെഴുതുന്നു. ഇതിനു ഹതേഫ് ഖാമസ് എന്നാണു പേരു്.)
אֹ ֹ ഒ → ( ഒ എന്ന ഉച്ചാരണം നല്കുന്ന മറ്റൊരു നിക്കൂദ്. അക്ഷരത്തിനു മുകളിൽ ഇടതുവശത്തിടുന്ന ഒരു കുത്താണിത് .ഇതിനു ഹോലം () എന്നാണു പേരു്.)
אוֹ וֹ ഓ → (അക്ഷരത്തിനോടുചേർന്നു്, ו (വവ്) എന്ന ഹീബ്രു അക്ഷരവും അതിന്റെ മുകളിലായി ഒരു കുത്തുമിട്ടാൽ ഓ എന്ന ഉച്ചാരണം ലഭിക്കും.. ഇതിനു ഹോലം വവ് എന്നാണു പേരു്.)
നിക്കൂദുകളുടെ
പേരുകൾ ഓർമ്മിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. ഉച്ചാരണം
അറിഞ്ഞിരുന്നാൽമാത്രംമതി. പഠനം പുരോഗമിക്കുമ്പോൾ നാമറിയാതെതന്നെ പേരുകളും മനസ്സിൽ പതിഞ്ഞുകൊള്ളും.
בּ - ബേത്
ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് בּ (ബേത്).
בּ, ב എന്നിങ്ങനെ ബേത് രണ്ടു രീതിയിലെഴുതാം.
ഇതിൽ
ആദ്യത്തെ അക്ഷരവും രണ്ടാമത്തെ അക്ഷരവും തമ്മിലുള്ള വ്യത്യാസം
ശ്രദ്ധിച്ചില്ലേ? അക്ഷരത്തിൽ കുത്ത് (ഡോട്ട്) വരുമ്പോൾ 'ബ് ' എന്നും
കുത്തില്ലെങ്കിൽ 'വ് ' എന്നുമാണ് ബേത്തിന്റെ ഉച്ചാരണം. ഈ കുത്തിനു 'ദാഗെഷ്' എന്നാണു ഹീബ്രുവിൽ പറയുന്നത്
അച്ചടിരൂപവും കൈയെഴുത്തുരൂപവും എഴുതേണ്ടതെങ്ങനെയെന്നു മനസ്സിലാക്കാൻ താഴെയുള്ള അനിമേറ്റഡ് ചിത്രങ്ങൾ സഹായിക്കും. ആദ്യത്തേത് അച്ചടിരൂപം, തുടർന്ന് കൈയെഴുത്തു രൂപം. രണ്ടു രീതിയിലും എഴുതി പരിശീലിക്കുക. (അനിമേഷനിൽ ബേത്തിനുള്ളിലെ കുത്ത് (dot) ഇടുന്നില്ല, കുത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള ഉച്ചാരണത്തിലെ വ്യത്യാസം മറക്കരുതു്.
ഇപ്പോൾപ്പഠിച്ച രണ്ടക്ഷരങ്ങളുപയോഗിച്ച്, രണ്ടു വാക്കുകൾ പഠിച്ചതിനുശേഷം ആദ്യപാഠം അവസാനിപ്പിക്കാം. താഴെക്കൊടുത്തിരിക്കുന്ന വാക്കുകൾ വായിച്ചും എഴുതിയും പരിശീലിക്കുക. വലതുനിന്ന്,
ഇടത്തോട്ടാണു ഹീബ്രു എഴുതുകയും വായിക്കുകയുംചെയ്യേണ്ടതെന്നു
മറക്കരുതുകേട്ടോ.
אָב
ആലെഫിനു കീഴിൽ ָ(ഖാമെസ്) എന്ന നിക്കൂദ് ഉള്ളതിനാൽ (אָ ) "ആ" എന്നു വായിക്കണം. ബേത്തിനു് ഉള്ളിൽ (ב ) ദാഗെഷ് dot ഇല്ലാത്തതിനാൽ "വ് " എന്നുച്ചാരണം. ഇനിയൊന്നു കൂട്ടിവായിച്ചുനോക്കൂ...
אָב
ആവ്. എത്രയെളുപ്പം
അല്ലേ? അച്ഛൻ (പിതാവ്) എന്നാണ് ഈ ഹീബ്രു പദത്തിന്റെയർത്ഥം. ഇതേ
അർത്ഥംവരുന്ന മറ്റൊരു ഹീബ്രുവാക്കുകൂടെയുണ്ടു്. അതു താഴെയെഴുതുന്നു.
വായിച്ചു നോക്കൂ.
אָבַא
വായിക്കാനാകുന്നുണ്ടോ? ശ്രമിച്ചുനോക്കൂ...
ഇവിടെയും ആലെഫിനു കീഴിൽ ָ(ഖാമെസ്) എന്ന നിക്കൂദ് ഉള്ളതിനാൽ ( אָ ) "ആ" എന്നു വായിക്കണം. ബേത്തിനു ദാഗെഷ് ഉണ്ട്. ( בּ ) അതിനാൽ "ബ്" എന്നുച്ചാരണം. ബേത്തിനോടൊപ്പം ַ (പഥഹ്) എന്ന നിക്കൂദ് ഉള്ളതിനാൽ ( בַּ ) ബ് + അ = ബ എന്നു വായിക്കണം. അവസാനമുള്ള א (ആലെഫ്)ന് ഉച്ചാരണമില്ല. ആലെഫ് നിശ്ശബ്ദാക്ഷരമാണ്.
ഇനിയൊന്നു ശ്രമിച്ചുനോക്കൂ..
ശരിതന്നെ, ആബ എന്നാണ് ആ വാക്കു്.
father - അച്ഛൻ - (ആവ്) - אָב
father - അച്ഛൻ - (ആബ) - אָבַּא
ഇപ്പോൾ പഠിച്ച രണ്ടക്ഷരങ്ങളും രണ്ടുവാക്കുകളും രണ്ടു നിക്കൂദുകളും നന്നായി ഹൃദിസ്ഥമാക്കുക.
കൂടുതലക്ഷരങ്ങൾ അടുത്ത പാഠത്തിൽ പഠിക്കാം.
ഷാലോം....!
അനിമേറ്റഡ് അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ http://www.levsoftware.com/AlefbetWriter.html
ഷാലോം....!
അനിമേറ്റഡ് അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ http://www.levsoftware.com/AlefbetWriter.html




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ