2019 ജനുവരി 8, ചൊവ്വാഴ്ച

ഹീബ്രു: അദ്ധ്യായം 2

ഷാലോം...!

കഴിഞ്ഞ പാഠത്തിൽപ്പഠിച്ച കാര്യങ്ങളോർമ്മയുണ്ടല്ലോ, അല്ലേ?  ּא, ב എന്നീ അക്ഷരങ്ങളും  (പഥഹ്)  ַ , (ഖമാസ്) ָഎന്നീ നിക്കൂദുകളും അവയുപയോഗിച്ചെഴുതുന്ന אָב, אָבַּא എന്നീ വാക്കുകളുമാണ്, ആദ്യപാഠത്തിൽ നമ്മൾ പഠിച്ചതു്. ഈ പാഠത്തിൽ നാലക്ഷരങ്ങളും മൂന്നു നിക്കൂദുകളുംകൂടെ നമുക്കു പഠിക്കാം. 
  •   ג  (ഗീമൽ)

ആലഫ്ബേത്തിലെ മൂന്നാമത്തെ അക്ഷരം ג (ഗീമൽ) ആണ്.  ഇംഗ്ലീഷിലെ G എന്നതുപോലെ, גനു ഗ് എന്നാണുച്ചാരണം.  ֨ (ഖദ്മ) എന്ന ചിഹ്നം മുകളിൽച്ചേർത്തു്, ג֙ എന്നെഴുതിയാൽ George, Geo തുടങ്ങിയ വാക്കുകളിലുള്ളതിനു സമാനമായ 'ജ്' എന്ന ഉച്ചാരണം ലഭിക്കും. (Jയുടെ ജ് അല്ലെന്നോർക്കണേ.) 

അതായതു്, G ഉള്ള George പോലുള്ള വാക്കുകളെഴുതുമ്പോൾ  ג֙ ഉപയോഗിക്കാമെങ്കിലും Jose, Joseph തുടങ്ങിയ വാക്കുകളിൽ ג֙ അല്ല ഉപയോഗിക്കേണ്ടതു്. അതിനേക്കുറിച്ചു പിന്നീടു പ്രതിപാദിക്കാം. גന്റെ അച്ചടിരൂപവും കൈയെഴുത്തു രൂപവും താഴെയുള്ള ചലനചിത്രങ്ങളിൽനിന്നു മനസ്സിലാക്കുക.
 ג അച്ചടി ലിപി
ג കൈയെഴുത്തു ലിപി




















 
ഇനി, താഴെക്കൊടുത്തിരിക്കുന്ന വാക്കൊന്നു വായിക്കാൻ ശ്രമിക്കൂ 
גָג
ആദ്യത്തെ ג നുതാഴെ  ָ (ഖമാസ്) എന്ന നിക്കൂദ് ഉള്ളതിനാൽ ഗാ എന്നുച്ചരിക്കണം. രണ്ടാമത്തെ ג അതിന്റെ യഥാർത്ഥ ഉച്ചാരണമായ ഗ് എന്നുതന്നെ. ഇനിയൊന്നു വായിക്കൂ. 
 גָג
അതേ, ഗാഗ് എന്നുതന്നെയാണ് ആ വാക്കു്. മേൽക്കൂര (Roof) എന്നാണതിന്റെ അർത്ഥം. നമുക്കിനി നാലാമത്തെ അക്ഷരത്തിലേക്കു കടക്കാം.
  • ד (ദാലദ്)

 ഹീബ്രുഭാഷയിലെ നാലാമത്തെ അക്ഷരമാണ് (ד) ദാലദ്


ד കൈയെഴുത്തു ലിപി
ד അച്ചടി ലിപി









 













 ד ഉപയോഗിക്കുന്ന ഒരു വാക്കു താഴെക്കാണാം, വായിക്കാൻ ശ്രമിക്കൂ....
דָג 


വായിക്കാൻ സാധിക്കുന്നുണ്ടോ? ദാലദിനു താഴെ ഖമാസ് ( ָ ) ഉള്ളതുകൊണ്ട്, ദാ എന്നുച്ചാരണം. അടുത്ത അക്ഷരമായ ഗീമലിനു ഗ്  എന്നുച്ചാരണം. ചേർത്തുവായിക്കുമ്പോൾ ദാഗ്.  ദാഗ് എന്ന വാക്കിന്റെ അർത്ഥം, മത്സ്യം എന്നാണ്
  •  ה (ഹേ)

ഹീബ്രുവിലെ അഞ്ചാമത്തെ അക്ഷരമാണ്, ה (ഹേ). ഹ് എന്നാണു് ה (ഹേ)യുടെ ഉച്ചാരണം. 
 ഒരു വാക്കിന്റെ അവസാനം ה (ഹേ) വന്നാൽ സാധാരണയായി അതുച്ചരിക്കാറില്ല. ഉച്ചരിക്കേണ്ടതായ വാക്കുകളിൽ അവസാനത്തെ ה (ഹേ), അ എന്നാണുച്ചരിക്കേണ്ടത്.

താഴെയുള്ള ചലനചിത്രംനോക്കി, ה (ഹേ)യുടെ അച്ചടിരൂപവും കൈയെഴുത്തു രൂപവും എഴുതിപ്പരിശീലിക്കുക
ה അച്ചടി ലിപി
ה കൈയെഴുത്തു ലിപി
 














ה (ഹേ) ഉപയോഗിക്കുന്ന ഒരു വാക്കു പഠിക്കാം. 

אַהַבָה 


നമ്മൾ കഴിഞ്ഞ പാഠത്തിൽപ്പഠിച്ച ַ (പഥഹ്), ָ (ഖമാസ്),എന്നീ രണ്ടുനിക്കൂദുകളും ഈ വാക്കിൽ കാണാം.

വിശദീകരണംകൂടാതെതന്നെ ഈ വാക്കു നിങ്ങൾക്കു വായിക്കാനാകുന്നുണ്ട്, അല്ലേ? 

אַ = അ, הַ = ഹ
בָ വാ; വാക്കിന്റെ അവസാനം വരുന്ന ה (ഹേ) ഉച്ചരിക്കേണ്ടതില്ലാ. אַהַבָה = അഹവാ എന്നു വായിക്കാൻ സാധിക്കുന്നില്ലേ? സ്നേഹം എന്നാണു് אַהַבָה എന്ന വാക്കിന്റെ അർത്ഥം.

  • ו (വൗ)

ആലഫ്ബേത്തിലെ ആറാമനാണു ו (വൗ). വ് എന്നാണുച്ചാരണം. ו (വൗ) എന്ന അക്ഷരമുൾപ്പെടുന്ന രണ്ടു നിക്കൂദുകളുമുണ്ടു്. ו (വൗ) ന്റെ അച്ചടി / കൈയെഴുത്തു ലിപികൾതമ്മിൽ കാര്യമായ വ്യത്യാസമില്ല. താഴെയുള്ള ചലനചിത്രങ്ങൾനോക്കി, ו (വൗ)ന്റെ രണ്ടുരൂപങ്ങളും എഴുതിപ്പഠിക്കുക.

ו അച്ചടിരൂപം
ו കൈയെഴുത്തു ലിപി















ו (വൗ) ഉൾപ്പെടുന്ന വാക്കുകൾ പരിചയപ്പെടുന്നതിനു മുമ്പേ, രണ്ടുമൂന്നു നിക്കൂദുകൾകൂടെ പരിചയപ്പെടാം. ഒന്നാമത്തെ അദ്ധ്യായത്തിൽ ഈ നിക്കൂദുകൾ നമ്മൾ കണ്ടിരുന്നു.

 וּ  →  അക്ഷരത്തോടുചേർന്നു്, ו (വൗ) എന്ന അക്ഷരവും അതിന്റെ ഇടതുമദ്ധ്യഭാഗത്തായി ഒരു കുത്തുമിട്ടാൽ എന്നുച്ചരിക്കണം. സൂറെഖ് എന്നാണ് ഈ നിക്കൂദിന്റെ പേര്. ഉദാ:  דוּ  = ദൂ


 וֹ    →  അക്ഷരത്തോടുചേർന്നു്, ו (വൗ) എന്ന അക്ഷരവും അതിന്റെ മുകളിൽ ഒരു കുത്തുമിട്ടാൽ എന്നാണുച്ചാരണം. ഹോലംവൗ എന്നാണ് ഈ നിക്കൂദിന്റെ പേര്. ഉദാ:  דוֹ = ദോ 


 אִ    ִ   അടുത്തവാക്കിലേക്കു പോകുന്നതിനുമുമ്പായി ഒരു നിക്കൂദുകൂടെ പഠിക്കാം. അക്ഷരത്തിനു താഴെയായി ഒരു കുത്തിട്ടാൽ, ഹിറേഖ് എന്ന നിക്കൂദായി. എന്ന സ്വരമാണു  ഹിറേഖ് നല്കുന്നതു്. ഉദാ דִ = ദി മേല്പറഞ്ഞ മൂന്നു നിക്കൂദുകളോ, വൗ എന്ന അക്ഷരമോ ഉൾപ്പെടുന്ന ചില വാക്കുകളാണ് ഇനി നമ്മൾ പഠിക്കുന്നതു്.

ആദ്യവാക്ക്, പുരാതനകാലത്ത്, വളരെ പ്രശസ്തനായിരുന്ന ഒരു ഇസ്രായേൽരാജാവിന്റെ പേരാണ്. താഴെക്കൊടുത്തിരിക്കുന്ന, ആ പേരു വായിക്കാനാകുമോയെന്നു നോക്കൂ.


דָוׅד 

ഇസ്രായേലിൽ ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തനായ ഭരണാധികാരിയായി വാഴ്ത്തപ്പെടുന്നത് ഈ വ്യക്തിയാണ്.


 דָ == ദ് + ആ = ദാ, וׅ = വ് + ഇ = വി,  ד = ദ്. പേരു കിട്ടിയില്ലേ? דָוׅד = ദാവിദ് 

അടുത്ത വാക്കു ശ്രദ്ധിക്കൂ...
דוּד

ഇവിടെയും ആദ്യാക്ഷരം ד (ദാലദ്)തന്നെ. ദ് എന്നുച്ചാരണം. ദാലദിനുശേഷം, നമ്മൾ മുകളിൽ പഠിച്ച, וּ (സൂറേഖ്) എന്ന നിക്കൂദാണുള്ളത്. അതിനാൽ  എന്ന ഉച്ചാരണം = ദ് + ഊ ലഭിക്കുന്നു. דוּ = ദ് + ഊ =  ദൂ. അവസാന അക്ഷരവും ദാലദുതന്നെ. ദ് എന്നുച്ചാരണം. അപ്പോൾ, דוּד = ദൂദ് എന്നു വായിക്കാം. ദൂദ് എന്ന വാക്കിന്,  ഇലക്ട്രിക് കെറ്റിൽ എന്നാണർത്ഥം.


ഇനി മറ്റൊരു വാക്കുകൂടെ ശ്രദ്ധിക്കൂ.

דוֹד

ആദ്യത്തെ രണ്ടു വാക്കുകളിലുമുള്ള ד (ദാലദ്), ו (വൗ) ന്നീ രണ്ടക്ഷരങ്ങൾമാത്രം, ആദ്യത്തെ രണ്ടു വാക്കുകളുടേയും അതേ ക്രമത്തിൽത്തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ, രണ്ടു ദാലദുകൾക്കിടയിൽവരുന്ന വൗ, ഇവിടെ ഹോലംവൗ എന്ന നിക്കൂദാണ്. എന്നാണ് അതിന്റെ ഉച്ചാരണം. ആദ്യത്തെയക്ഷരം, ദാലദ്തന്നെ - ദ് എന്നുച്ചാരണം. ദാലദിനുശേഷം ഹോലംവൗ എന്ന നിക്കൂദാണുള്ളത്.  എന്നുച്ചാരണം. דוֹ = ദ് + ഓ = ദോ എന്നായില്ലേ?  ദാലദ് എന്ന അടുത്തയക്ഷരവും  ചേർത്തുവായിക്കുമ്പോൾ  ദ് + ഓ + ദ് = ദോദ് എന്നാകും. ദോദ് എന്നാൽ അമ്മാവൻ (Uncle) എന്നർത്ഥം. 

നിക്കൂദുകളുടെ പ്രാധാന്യം മനസ്സിലായില്ലേ? ഒരേ അക്ഷരങ്ങൾ, ഒരേ ക്രമത്തിൽത്തന്നെയെഴുതിയിട്ടും, നിക്കൂദുകൾ അതിനെ വ്യത്യസ്ത അർത്ഥങ്ങളുള്ള, വ്യത്യസ്ത വാക്കുകളാക്കി മാറ്റിയതെങ്ങനെയെന്നു മനസ്സിലായില്ലേ? 

ഇനി മറ്റൊരുവാക്കു്; വൗ എന്ന അക്ഷരംമാത്രമുപയോഗിച്ചെഴുതുന്ന വവ് എന്നൊരു വാക്കുണ്ടു്അതൊന്നു നോക്കൂ..
 וַו
ചൂണ്ടയെന്നാണു וַו (വവ്)ന്റെ അർത്ഥം. 

മറ്റൊരു വാക്കു നോക്കാം,
הוֹד

വായിക്കാൻ പ്രയാസമില്ലല്ലോ? മഹത്ത്വം എന്നാണ് הוֹד (ഹോദ്) എന്ന വാക്കിന്റെ അർത്ഥം.

രണ്ടദ്ധ്യായങ്ങളിലായി, ആറക്ഷരങ്ങളും അഞ്ചു നിക്കൂദുകളും പത്തുവാക്കുകളും നമ്മൾ പഠിച്ചു. പഠിച്ച അക്ഷരങ്ങളും വാക്കുകളും അച്ചടിലിപിയിലും കൈയെഴുത്തുലിപിയിലും എഴുതിപ്പരിശീലിക്കുക. അടുത്ത അദ്ധ്യായത്തിൽ കൂടുതലക്ഷരങ്ങളും നിക്കൂദുകളും പുതിയ വാക്കുകളും പഠിക്കാം.. 


ഷാലോം...!


NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.
അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ;  http://www.levsoftware.com/AlefbetWriter.html

2 അഭിപ്രായങ്ങൾ:

  1. ശലോം, ഹീബ്രു പഠിക്കാൻ നല്ല ഒരു രീതിയാണ് ഇതിൽ താങ്കൾ സ്വീകരിച്ചത്. അറബിഭാഷ വായിക്കാൻ അറിയുന്ന എനിക്ക് ഇത് വളരെ എളുപ്പമാണ്.തോദാ റബ്ബാ മോത്തിക്.

    മറുപടിഇല്ലാതാക്കൂ