ഹീബ്രു പഠനവേദിയുടെ പുതിയ അദ്ധ്യായത്തിലേക്കു സ്വാഗതം!
- ק (ഖോഫ്)
ആലെഫ്ബേത്തിലെ പത്തൊമ്പതാമത്തെ അക്ഷരം ק (ഖോഫ്) ആണ്. മലയാളത്തിലെ ക്, ഖ് എന്നീ അക്ഷരങ്ങളുടെ മദ്ധ്യേവരുന്ന ഉച്ചാരണമാണു ק (ഖോഫ്)ന്റേതു്. ഖകാരം അല്പമൊന്നു മയപ്പെടുത്തി ഉച്ചരിച്ചാൽ മതി, ക്ഹ് എന്നതുപോലെ. (ഖോഫ്) അച്ചടിരൂപത്തിലും കൈയെഴുത്തുരൂപത്തിലുമെഴുതേണ്ടതെങ്ങനെയെന്നു താഴെയുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു.
![]() |
| ק അച്ചടിലിപി |
![]() |
| ק കൈയെഴുത്തു |
(ഖോഫ്) ഉൾപ്പെടുന്ന ചില വാക്കുകൾ നോക്കുക.
קוּל
ഖുൽ എന്നാൽ ശബ്ദം എന്നർത്ഥം.
മറ്റൊരു വാക്കു നോക്കൂ,
קֶבֶר
വായിക്കാൻ, അല്പം ബുദ്ധിമുട്ടു തോന്നുന്നോ? ആദ്യ രണ്ടക്ഷരങ്ങളും പരിചിതമാണെങ്കിലും മൂന്നാമത്തെ അക്ഷരം അങ്ങനെയല്ലല്ലോ. ഈ വാക്കിന്റെ അവസാന അക്ഷരമാണ് അടുത്തതായി നമ്മൾ പഠിക്കാൻ പോകുന്നത്.
- ך (ർറേഷ്)
ആലെഫ്ബേത്തിലെ ഇരുപതാമനാണു ר (ർറേഷ്). ർറ് എന്നാണു ר (ർറേഷ്) ഉച്ചരിക്കേണ്ടത്. ർ എന്നോ റ് എന്നോ അല്ല, ർറ് എന്നുറപ്പിച്ചുച്ചരിക്കണം, കേട്ടോ.
ר (ർറേഷ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവ എഴുതേണ്ട രീതിയും താഴെയുള്ള ചിത്രങ്ങളിൽനിന്നു മനസ്സിലാകുമല്ലോ.
![]() |
| ר(ർറേഷ്) കൈയെഴുത്ത് |
![]() |
| ר(ർറേഷ്) അച്ചടി |
ר (ർറേഷ്)ന് ד (ദാലദ്) എന്ന അക്ഷരവുമായുള്ള സാമ്യവും വ്യത്യാസവും കൃത്യമായി മനസ്സിലാക്കുക.
ר (ർറേഷ്) ഉപയോഗിക്കുന്ന ചില വാക്കുകൾ താഴെ ചേർക്കുന്നു.
קֶבֶר
ഇതേ വാക്കു മുകളിൽ കണ്ടിരുന്നെങ്കിലും വായിക്കാനായില്ല. എന്നാലിപ്പോൾ വായിക്കാൻ സാധിക്കുന്നുണ്ടല്ലോ, അല്ലേ? ഖെവെർ എന്ന വാക്കിനു കുഴിമാടം (grave) എന്നാണർത്ഥം. קֶבֶּר (ഖെബെർ) എന്നും ഈ വാക്ക് എഴുതാറുണ്ട്
മറ്റൊരു വാക്കു നോക്കൂ.
רוּהַ
ഈ വാക്കു വായിക്കുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കണം. അവസാന അക്ഷരത്തിനു താഴെയുള്ള നിക്കൂദ്, അക്ഷരത്തിനു മുമ്പായി ഉച്ചരിക്കണമെന്ന ഒരു നിയമമുണ്ടു്. അതിനാൽ റൂഹ എന്നല്ല, റൂആ (അവസാനംവരുന്ന ה നിശബ്ദം) എന്നാണു് ഈ വാക്ക് ഉച്ചരിക്കുന്നത്. רוּהַ എന്ന വാക്കിന് ആത്മാവ്, കാറ്റ്, ശ്വാസം എന്നൊക്കെ അർത്ഥമുണ്ടു്
שׁ (ഷിൻ)
ആലെഫ്ബേത്തിന്റെ ഇരുപത്തിയൊന്നാമത്തെ
അക്ഷരമാണു(ഷിൻ). ഈ അക്ഷരം രണ്ടുരീതിയിലുച്ചരിക്കാം. അക്ഷരത്തിന്റെ മുകളിൽ
വലതുവശത്തു കുത്തിട്ടാൽ (שׁ) ഷ് എന്നും അക്ഷരത്തിന്റെ മുകളിൽ ഇടതുവശത്താണു കുത്തെങ്കിൽ (שׂ) സ് എന്നുമുച്ചരിക്കുന്നു. *വിശുദ്ധ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ 12:6ൽ പറഞ്ഞിരിക്കുന്ന ഷിബ്ബോലത്ത് എന്ന വാക്ക്, ഈ അക്ഷരത്തിലാണാരംഭിക്കുന്നതു്.
שׁ (ഷിൻ)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവയെഴുതുന്ന രീതിയും താഴെക്കാണുന്ന ചിത്രങ്ങളിൽനിന്നു മനസ്സിലാക്കാം.
שׁ (ഷിൻ) ഉപയോഗിച്ചെഴുതുന്ന ചില വാക്കുകൾ നോക്കൂ...
שַׁלוֹם
ഇതു വായിക്കാനാകുന്നുണ്ടോ? ഷാലോം എന്ന വാക്കിനു് സമാധാനം എന്നാണർത്ഥം. രണ്ടു ഹെബ്രായർതമ്മിൽ കണ്ടുമുട്ടിയാൽ שַׁלוֹם (ഷാലോം) എന്നുപറഞ്ഞുകൊണ്ടാണു സംസാരം ആരംഭിക്കുന്നതു്. സംഭാഷണമവസാനിപ്പിക്കുന്നതും שַׁלוֹם എന്ന ആശംസയോടെയാണ്. അതിനാൽ സാന്ദർഭികമായി Hi എന്നും Bye എന്നുംകൂടെ שַׁלוֹם എന്ന വാക്കിനു് അർത്ഥംകല്പിക്കാം.
ﬨ (താഫ്)
ആലെഫ്ബേത്തിലെ അവസാന അക്ഷരമാണു ﬨ (താഫ് /താവ്). ത് എന്നുച്ചരിരിക്കാം.
ﬨ (താഫ്)ന്റെ അച്ചടിരൂപവും കൈയെഴുത്തുരൂപവും അവയെഴുതുന്നരീതിയും മനസ്സിലാക്കാൻ താഴെക്കാണുന്ന ചിത്രങ്ങൾ നോക്കുക.
![]() |
| ת കൈയെഴുത്തു ലിപി |
![]() |
| ת അച്ചടിലിപി |
ה (ഹേ), ח (ഹ്ഹേത്ത്), ﬨ (താഫ്) എന്നീ അക്ഷരങ്ങളുടെ കാഴ്ചയിലെ സാമ്യവും വ്യത്യാസവും ശ്രദ്ധിച്ചല്ലോ, അല്ലേ? ഇവ മൂന്നുംതമ്മിൽ തെറ്റിപ്പോകാത്തവിധത്തിൽ പലവട്ടം എഴുതിപ്പഠിക്കാൻ ശ്രദ്ധിക്കണംകേട്ടോ.
ഇനി ﬨ (താഫ്) ഉപയോഗിച്ചെഴുതുന്ന ചില വാക്കുകൾ നോക്കാം...
בַּית
ബയ്ത് എന്ന വാക്കിനു വീടു് എന്നർത്ഥം.
תוֹﬧָה
തോറ എന്ന ഈ വാക്കിന്റെ അർത്ഥം, നിയമം എന്നാണ്
ചില നിക്കൂദുകൾ ഇനിയും പരാമർശിക്കാൻ ബാക്കിയുണ്ട്. ആദ്യത്തെ അദ്ധ്യായത്തിൽ അവയെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടു്. അക്ഷരങ്ങളെല്ലാം പഠിച്ചുകഴിഞ്ഞതിനാൽ ഒന്നാമദ്ധ്യായത്തിൽനിന്ന്, മറ്റു നിക്കൂദുകളെ പരിചയപ്പെടാൻ എളുപ്പമാണല്ലോ! ഒന്നാമദ്ധ്യായത്തിലേക്കുള്ള ലിങ്ക് താഴെക്കൊടുക്കുന്നു.
https://hebrew-malayalam.blogspot.com/2018/12/Alefbeth1.html?m=1
ഒരിക്കൽക്കൂടെ ഒന്നാമദ്ധ്യായത്തിലെത്തി, നിക്കൂദുകളെല്ലാം മനസ്സിലുറപ്പിക്കുക.
തുടർന്നുള്ള പാഠങ്ങളിൽ ഹീബ്രുസംസാരിക്കാനുള്ള പ്രാഥമിക പാഠങ്ങളും അതിനൊപ്പം ലളിതമായ ചില വ്യാകരണങ്ങളും പഠിക്കാം.
!.... שַׁלוֹם
*വിശുദ്ധ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ 12:6 താഴെച്ചേർക്കുന്നു
וַיֹּ֣אמְרוּ לֹו֩ אֱמָר־נָ֨א שִׁבֹּ֜לֶת וַיֹּ֣אמֶר סִבֹּ֗לֶת וְלֹ֤א יָכִין֙ לְדַבֵּ֣ר כֵּ֔ן וַיֹּאחֲז֣וּ אֹותֹ֔ו וַיִּשְׁחָט֖וּהוּ אֶל־מַעְבְּרֹ֣ות הַיַּרְדֵּ֑ן וַיִּפֹּ֞ל בָּעֵ֤ת הַהִיא֙ מֵֽאֶפְרַ֔יִם אַרְבָּעִ֥ים וּשְׁנַ֖יִם אָֽלֶף׃
NB: ഹീബ്രു ഭാഷയിൽ പരിജ്ഞാനമുള്ള ആരെങ്കിലും ഈ ബ്ലോഗു സന്ദർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇവിടെപ്പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലുംതരത്തിലുള്ള തെറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ ചൂണ്ടിക്കാണിക്കുക. (കമന്റായി ബ്ലോഗിനുതാഴെ പോസ്റ്റുചെയ്താൽമതി.) ആവശ്യമായ തിരുത്തലുകൾ വരുത്താം.
അനിമേറ്റഡ് ഹീബ്രു അക്ഷരങ്ങൾക്കു കടപ്പാടു്: ലേവ് സോഫ്റ്റ് വെയർ; http://www.levsoftware.com/AlefbetWriter.html








അമ്മ എന്നതിന് ഹീബ്രുവിൽ പറയുന്നത് എന്താണ്... ആവ് എന്നത് അച്ഛൻ, അമ്മ?
മറുപടിഇല്ലാതാക്കൂSorry, കമന്റ് കാണാൻ വൈകി. അച്ഛൻ ആവ് അല്ലെങ്കിൽ ആബാ. അമ്മ - ഈമാ.
ഇല്ലാതാക്കൂഞാൻ എഴുതുന്ന കഥയിലേക്ക് കുറച്ചു ഹീബ്രു വാക്കുകൾ വേണം അതും മലയാളത്തിൽ അത്കൊണ്ടാണ്
മറുപടിഇല്ലാതാക്കൂകമന്റ് കാണാൻ ഞാനല്പം വൈകി. അച്ഛൻ ആവ് അല്ലെങ്കിൽ ആബാ. 'അമ്മ - ഈമാ.
ഇല്ലാതാക്കൂ